Voc Media World Desk

ആഗോള ടെക് ഭീമനായ മെറ്റ (Meta) തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ ഘട്ട പിരിച്ചുവിടൽ നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 8,000 പേർക്കാണ് ഈ ഘട്ടത്തിൽ ജോലി നഷ്ടമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുക്കുന്നതിന്റെ ഭാഗമായാണ് മാർക്ക് സക്കർബർഗിന്റെ ഈ കടുത്ത നീക്കം.

സാൻ ഫ്രാൻസിസ്കോ/സിംഗപ്പൂർ: ആഗോള ഐടി മേഖലയെ വീണ്ടും നടുക്കിക്കൊണ്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ (Mass Layoffs) ആരംഭിച്ചു. 
കമ്പനിയുടെ ആകെ വർക്ക്ഫോഴ്സിന്റെ 10 ശതമാനത്തോളം വരുന്ന 8,000 ജീവനക്കാരെയാണ് ഈ ഘട്ടത്തിൽ കമ്പനി പുറത്താക്കുന്നത്. 
വിവിധ ടൈം സോണുകൾ (Time Zones) അനുസരിച്ച് ഘട്ടങ്ങളായാണ് പിരിച്ചുവിടൽ അറിയിപ്പുകൾ ജീവനക്കാർക്ക് ലഭിക്കുന്നത്. സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്കാണ് ഇതിൽ ആദ്യ പ്രഹരമേറ്റത് 
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സിംഗപ്പൂർ പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1:30) ജീവനക്കാരുടെ ഇൻബോക്സുകളിൽ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക ഇ-മെയിലുകൾ എത്തിത്തുടങ്ങി. ഒറാക്കിൾ കമ്പനി തങ്ങളുടെ 30,000 ജീവനക്കാരെ പുലർച്ചെ 6 മണിക്ക് മെയിൽ അയച്ച് പിരിച്ചുവിട്ടതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ മെറ്റയിലും ആവർത്തിക്കുന്നത്.

വീട്ടിലിരിക്കാൻ നിർദ്ദേശം; ലക്ഷ്യം പുതിയ എഐ ടീമുകൾ:
അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മറ്റ് ആഗോള ഓഫീസുകളിലെ ജീവനക്കാരോട് ഇന്ന് ഓഫീസിലേക്ക് വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാനും (Work from Home) കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. പിരിച്ചുവിടൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമാകാതിരിക്കാനാണ് ഈ മുൻകരുതൽ.അതേസമയം, 8,000 പേരെ പുറത്താക്കുന്നതിനൊപ്പം പ്രൊഡക്ട്, എഞ്ചിനീയറിംഗ് ടീമുകളിൽ നിന്നുള്ള 7,000 ജീവനക്കാരെ പുതിയ 'എഐ-നേറ്റീവ്' (AI-Native) ടീമുകളിലേക്ക് പുനർവിന്യസിക്കുമെന്ന് മെറ്റായുടെ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ആന്തരിക മെമ്മോയിലൂടെ വ്യക്തമാക്കി. കമ്പനി കൂടുതൽ മാനേജീരിയൽ തസ്തികകൾ വെട്ടിച്ചുരുക്കി ടീമുകളുടെ വലിപ്പം കുറയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 6,000 പുതിയ തൊഴിലവസരങ്ങൾ മെറ്റാ റദ്ദാക്കുകയും ചെയ്തു.

തകർന്ന മനോവീര്യവും മൗസ് ട്രാക്കിംഗ് വിവാദവും:പിരിച്ചുവിടൽ വാർത്തകൾ മുൻകൂട്ടി ചോർന്നതോടെ മെറ്റാ ജീവനക്കാരുടെ മനോവീര്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ചില ജീവനക്കാർ ഓഫീസിലെ സൗജന്യ ലഘുഭക്ഷണങ്ങളും ലാപ്ടോപ്പ് ചാർജറുകളും സ്വന്തമാക്കാൻ തുടങ്ങിയതായും പറയപ്പെടുന്നു.ഇതിനിടയിൽ, എഐ ട്രെയിനിംഗിനായി ജീവനക്കാരുടെ മൗസ് ചലനങ്ങളും കീബോർഡ് ടൈപ്പിംഗും ട്രാക്ക് ചെയ്യുന്ന ഒരു പുതിയ സോഫ്റ്റ്‌വെയർ മെറ്റാ ഉപയോഗിച്ചു തുടങ്ങിയത് കമ്പനിക്കുള്ളിൽ വലിയ ആഭ്യന്തര കലഹത്തിന് കാരണമായിട്ടുണ്ട്. ഈ നിരീക്ഷണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തിലധികം ജീവനക്കാർ ഒപ്പിട്ട നിവേദനം മാനേജ്‌മെന്റിന് സമർപ്പിച്ചിരിക്കുകയാണ്.ടെക് ലോകത്ത് എഐ തരംഗം:എഐ സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഭീമൻ കമ്പനികൾ കൂട്ടത്തോടെ ജീവനക്കാരെ ഒഴിവാക്കുന്ന പ്രവണതയാണ് ഇപ്പോൾ ഐടി വിപണിയിലുള്ളത്. 
കഴിഞ്ഞ ആഴ്ച സിസ്കോ 4,000 പേരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മെറ്റായുടെ ഈ നീക്കം. ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുകയോ വിആർഎസ് (VRS) പാക്കേജുകൾ നൽകുകയോ ചെയ്യുന്നുണ്ട്.
Meta Layoffs May 2026, Mark Zuckerberg AI Investment, Singapore Tech Job Cuts, Tech Industry Layoffs Malayalam, Workforce Restructuring, VOC Media Business.